കോവിഡ് കാലത്ത് കര്‍ണാടക ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചസംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധസാമഗ്രികള്‍ വാങ്ങിയതിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടേതാണ് തീരുമാനം. 2021-മേയിലാണ് ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചത്. ആവശ്യത്തിന് ഓക്‌സിജന്‍ ശേഖരിച്ചുവെക്കാത്തതായിരുന്നു മരണങ്ങള്‍ക്ക് കാരണം. ആരോപണം അന്നത്തെ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് ഉപസമിതി യോഗത്തില്‍ പങ്കെടുത്ത ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിഷയത്തില്‍ പുനര്‍അന്വേഷണത്തിന് മന്ത്രിസഭാ ഉപസമിതി തീരുമാനമെടുത്തത്.