നിയന്ത്രണമില്ലാത്ത മലമൂത്ര വിസർജനമെന്ന രോഗാവസ്ഥ മൂലം വലഞ്ഞ കുട്ടിക്ക് രക്ഷയായി സ്കൂൾ വൈദ്യപരിശോധന

നിയന്ത്രണമില്ലാത്ത മലമൂത്ര വിസർജനമെന്ന രോഗാവസ്ഥ മൂലം വലഞ്ഞ കുട്ടിക്ക് രക്ഷയായി സ്കൂൾ വൈദ്യപരിശോധന. ആരോഗ്യ വകുപ്പ് സംഘം സ്കൂൾ സന്ദർശനത്തിനിടെയാണ് കുട്ടിയിലെ രോഗാവസ്ഥ കണ്ടെത്തിയത്. സാക്രൽ എജെനെസിസ് എന്ന അവസ്ഥയായിരുന്നു 14-കാരിക്ക്. സ്‌കൂൾ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യ കേരളം നഴ്സ് കുട്ടിയുമായി സംസാരിച്ചതിനെ തുടർന്നാണ് രോഗ വിവരം അറിഞ്ഞത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിയാതെ മലവും മൂത്രവും പോകുന്നതുമൂലം ദിവസവും 5 മുതൽ 6 വരെ ഡയപ്പർ ധരിച്ചാണ് കുട്ടി ദിവസം തള്ളിനീക്കിയിരുന്നത് എന്ന് മനസിലായത്. നട്ടെല്ലിന്റെ താഴ് ഭാഗത്തെ എല്ല് പൂർണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികൾ വളർച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേർന്നിരിക്കുന്ന ഒരു അപൂർവ അവസ്ഥയാണ് ഈ രോഗം. അഞ്ച് വയസ്സുള്ളപ്പോൾ സ്വകാര്യ ആശുപത്രിയിൽ കാണിച്ചിരുന്നെങ്കിലും ശസ്ത്രക്രിയ സങ്കീർണമായതിനാൽ ജന്മനായുള്ള അസുഖത്തിന് പരിഹാരമില്ലെന്ന് കണ്ട് ചികിത്സ ഉപേക്ഷിക്കുകയായിരുന്നു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നഴ്സ് ആർ.ബി.എസ്.കെ. കോഡിനേറ്റർക്ക് റിപ്പോർട്ട് നൽകി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ സർക്കാരിന്റെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ അതിസങ്കീർണമായ ഈ ശസ്ത്രക്രിയക്ക് കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ചെലവ് വരും. നട്ടെല്ലിനോട് ചേർന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാൽ പരാജയപ്പെട്ടാൽ ശരീരം പൂർണമായിത്തന്നെ തളർന്നുപോകാനും മലമൂത്ര വിസർജനം അറിയാൻ പറ്റാത്ത അവസ്ഥയിലാകാനും സാധ്യതയുണ്ട്. അതിസങ്കീർണമായ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ ടീമിനെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.