ഹൃദ്രോഗം വരുന്നതിന് മുൻപേ കണ്ടുപിടിക്കാൻ സഹായിക്കുന്ന എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍. ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വികസിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വകലാശാലയും ലീഡ്‌സ് ടീച്ചിങ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റും ചേര്‍ന്നാണ് എഐ അടിസ്ഥാനപ്പെടുത്തിയ രോഗനിര്‍ണയ സംവിധാനം വികസിപ്പിച്ചത്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള സംവിധാനം കാര്യക്ഷമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തം കട്ടപിടിക്കുക, ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് സങ്കീര്‍ണതകള്‍ തുടങ്ങിയവയ്ക്ക് ഇടയാക്കുന്ന ആരോഗ്യപ്രശ്‌നമാണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍. പലപ്പോഴും ഇത് തിരിച്ചറിയപ്പെടാതെ പോവുകയോ ആളുകള്‍ അവഗണിക്കുകയോ ആണ് ചെയ്യുക. ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ മാത്രമാണ് ആളുകള്‍ ചികിത്സയ്ക്ക് തയ്യാറെടുക്കുന്നത്. ഈ രോഗാവസ്ഥ തിരിച്ചറിയപ്പെടാതെ നിരവധി ആളുകള്‍ ജീവിക്കുന്നുണ്ട്. പലപ്പോഴും പെട്ടെന്നുള്ള ഹൃദയാഘാതത്തിന് ഇത് കാരണമാകുകയും ചെയ്യാറുണ്ട്.