മരണാനന്തര അവയവദാനത്തില്‍ തമിഴ്‌നാടു മുന്നിലെന്ന് റിപ്പോര്‍ട്ട്

മരണാനന്തര അവയവദാനത്തില്‍ തമിഴ്‌നാടു മുന്നിലെന്ന് റിപ്പോര്‍ട്ട്. അവയവ ദാനത്തിന്നായി ഈ വര്‍ഷം ഇതുവരെലഭിച്ചത് 262 ശരീരങ്ങളാണ്. അതില്‍ നിന്ന് 91 ഹൃദയവും 203 കരളും 442 വൃക്കയും ഉപയോഗപ്പെടുത്തി കഴിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 2008-ല്‍ മരണാനന്തര അവയവദാന പദ്ധതി തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്തവണത്തേത്. അവയവദാനത്തിനുവേണ്ടി രൂപവത്കരിച്ച ട്രാന്‍സ്പ്ളാന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടി ട്രാന്‍സ്റ്റാന്‍ന്റെ കണക്കനുസരിച്ച് 2023-ല്‍ 178 ശരീരങ്ങളാണ് ദാനംചെയ്തു കിട്ടിയത്. അവയില്‍നിന്ന് ആയിരത്തോളം അവയവങ്ങള്‍ ഉപയോഗിച്ചു. 2022-ല്‍ 156 ശരീരങ്ങളില്‍ നിന്നായി 878 അവയവദാനം നടന്നു. പദ്ധതി തുടങ്ങിയ 2008-ല്‍ ഏഴ് ശരീരങ്ങള്‍ മാത്രംലഭിച്ച സ്ഥാനത്താണ് ഈ വളർച്ച എന്നും റിപ്പോര്‍ട്ട് പറയുന്നു. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനുശേഷമാണ് അവയവ ദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായതെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു.