അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാവസാകി രോഗം മകന് സ്ഥിരീകരിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് മുനവര്‍ ഫാറൂഖി

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാവസാകി രോഗം മകന് സ്ഥിരീകരിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ഗായകനുമായ മുനവര്‍ ഫാറൂഖി. ഒരു പോഡ്കാസ്റ്റ് പരിപാടിക്കിടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. മകന്‍ മിഖായേലിന് ഒന്നര വയസുള്ളപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും മകന്റെ ചികിത്സയ്ക്കായി നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും ഫാറൂഖി തുറന്നുപറഞ്ഞു. പ്രധാനമായും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ രോഗമാണ് കാവസാക്കി. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികളെ ഉള്‍പ്പടെ ശരീരത്തിലുടനീളമുള്ള രക്തക്കുഴലുകള്‍ക്ക് വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. അപകടകരമാണെങ്കിലും നേരത്തേയുള്ള രോഗനിര്‍ണയം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.