ഇടുക്കിയില്‍ മലമ്പനി വ്യാപിക്കുന്നതായി റിപ്പോർട്ട്

ഇടുക്കിയില്‍ മലമ്പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. ജില്ലയില്‍ 2024-ല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 197 മലമ്പനി കേസുകളാണ്. ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും മലമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും അപകടകാരിയായ പ്ലാസ്മോഡിയം ഫാല്‍സിപാറം വിഭാഗത്തില്‍പ്പെട്ടവയാണ്. ഈ രോഗാണു കരളിനെയും തലച്ചോറിനെയുമാണ് ബാധിക്കുന്നത്. ഈ വര്‍ഷം മലമ്പനി ബാധിച്ച് 20 വയസ്സുള്ള യുവാവും, ഒരു കുട്ടിയും മരിച്ചു. രണ്ടു പേരും ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ്. രോഗം പിടിപെട്ടവരെല്ലാം ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അടിമാലി, ദേവികുളം പഞ്ചയത്തുകളിലാണ്. ഝാര്‍ഖണ്ഡ്, അസം, പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് രോഗികളില്‍ കൂടുതലും. അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് രോഗം പരത്തുന്നത്. രോഗാണുവാഹിയായ കൊതുക് കടിക്കുമ്പോഴാണ് രോഗം പിടിപെടുന്നത്.