പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചെന്നു തുറന്നു പറഞ്ഞ് യു.കെ.യില്‍ നിന്നുള്ള പ്രമുഖ മാരത്തണ്‍ ഓട്ടക്കാരനായ ലീ റോളിന്‍സണ്‍. രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും ഗുരുതരാവസ്ഥയിലേക്കെത്തുകയും കരള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ കൂടിയേ താന്‍ ജീവിച്ചിരിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത് എന്നും താരം പറയുന്നു. ചെറിയലക്ഷണങ്ങള്‍ പോലും നിസ്സാരമാക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി രോഗത്തേ സംബന്ധിച്ച് അവബോധം നല്‍കുകയാണ് ലീ ഇപ്പോള്‍. രോഗത്തെയോ, മരണത്തെയോ തനിക്ക് ഭയമില്ലെന്നും എന്നാല്‍ പത്തും ഏഴും വയസ്സുള്ള മക്കള്‍ക്കും ഭാര്യക്കുമൊപ്പം അധികനാള്‍ ജീവിക്കാനാവില്ലെന്നതാണ് തന്നെ സങ്കടപ്പെടുത്തുന്നതെന്നും ലീ പറയുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തനിക്ക് അടിവയറില്‍ ചെറിയ വേദന മാത്രമാണ് അനുഭവപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറയുന്നു. തുടക്കത്തില്‍ സമ്മര്‍ദത്തിന്റെ ഭാഗമായാവാം എന്നാണ് കരുതിയിരുന്നത്. ഡോക്ടറെ കണ്ടപ്പോള്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റിനെ കാണാന്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍ വേദന അധികരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സെപ്തംബറോടെ വേദന അസഹ്യമായപ്പോള്‍ പെയിന്‍ കില്ലറുകളില്‍ അഭയം തേടിത്തുടങ്ങി. എങ്കിലും വേദനയ്ക്ക് ശമനമുണ്ടായിരുന്നില്ലെന്ന് ലീ പറയുന്നു. സൈലന്റ് കില്ലര്‍ എന്ന് വിശേഷിപ്പിക്കുന്ന രോഗങ്ങളിലൊന്നാണിത്. പാന്‍ക്രിയാസിലെ കോശങ്ങളുടെ അമിതവളര്‍ച്ച മൂലമുണ്ടാകുന്ന അര്‍ബുദമാണിത്. രോഗം വൈകിയ ഘട്ടങ്ങളില്‍ മാത്രമേ പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാവുകയുള്ളൂ. വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചില്‍, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.