കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

കടുത്തുരുത്തിയില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍. ആശുപത്രിയിലാക്കി മടങ്ങുന്നതിനപ്പുറം സഹായവുമായി രണ്ട് മണിക്കൂറിലധികമാണ് ജീവനക്കാര്‍ രോഗിക്കൊപ്പം ആശുപത്രിയില്‍ തുടര്‍ന്നത്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ എസ്. ആകാശ് ആണ് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ വ്യാഴാഴ്ച രാത്രി എട്ടരയോടെ കുഴഞ്ഞുവീണത്. ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ മല്ലപ്പള്ളി മാന്താനം പാറക്കല്‍ വീട്ടില്‍ അര്‍ജുന്‍ സിദ്ധാര്‍ഥന്‍, കണ്ടക്ടര്‍ മല്ലപ്പള്ളി കുന്നന്താനം കോലത്ത് കിഴക്കേതില്‍ വിപിന്‍ വിദ്യാധരന്‍ എന്നിവരാണ് രോഗിക്ക് കൈത്താങ്ങായത്. തലയോലപ്പറമ്പ് ജങ്ഷന്‍ പിന്നിട്ടപ്പോഴാണ് ബസിന്റെ മധ്യഭാഗത്തിരുന്ന ആകാശ് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്ന യുവതി വൈദ്യസഹായം ആവശ്യപ്പെട്ടു. മറ്റു യാത്രക്കാര്‍ വെള്ളവും പ്രാഥമിക ശുശ്രൂഷയും നല്‍കി. തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത രോഗിയെയും സുഹൃത്തിനെയും അതേ ബസില്‍തന്നെ കോട്ടയം ഡിപ്പോയിലെത്തിക്കുകയും ചെയ്തു.