രാജ്യത്ത് പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നതായി റിപ്പോർട്ട്

രാജ്യത്ത് പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഡിവിഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1950 ല്‍ 5.9 ആയിരുന്ന പ്രത്യുല്‍പ്പാദന നിരക്ക് 2023 ആയപ്പോഴേക്കും 2.0 ആയി കുറഞ്ഞു. സാമ്പത്തിക സമ്മര്‍ദ്ദം, സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസം, വൈകിയ വിവാഹങ്ങള്‍ എന്നിവ പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നതിനും വന്ധ്യതാ നിരക്ക് ഉയരുന്നതിനും കാരണമായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് പ്രമുഖ അന്തരാഷ്ട മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ മാത്രമല്ല പല രാജ്യങ്ങളിലും പ്രത്യുല്‍പ്പാദന നിരക്ക് 2.1-ല്‍ താഴെയാണ്. ചൈന, ഇറ്റലി, റിപ്പബ്ലിക് ഓഫ് കൊറിയ, സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രത്യുല്‍പ്പാദന നിരക്ക് അള്‍ട്രാ ലോ ആണെന്നും യുഎന്‍ പോപ്പുലേഷന്‍ ഡിവിഷന്റെ കണക്കുകള്‍ ചൂണ്ടികാട്ടുന്നു. 2030-കളുടെ അവസാനത്തോടെ, കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളിലെ സ്ത്രീകളില്‍ പകുതിയും ഉയര്‍ന്ന പ്രായമുള്ളവരായിരിക്കുമെന്നും പ്രത്യുല്‍പ്പാദന പ്രായ പരിധി അതിക്രമിക്കുന്നതോടെ സ്വാഭാവികമായ ഗര്‍ഭധാരണം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.