നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സാപിഴവെന്നു വീട്ടമ്മയുടെ പരാതി

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സാപിഴവെന്നു വീട്ടമ്മയുടെ പരാതി. റൂട്ട്കനാല്‍ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയില്‍ ഇരിക്കുന്നുവെന്നാണ് പരാതി. നന്ദിയോട് സ്വദേശി ശില്‍പ ആര്‍ ആണ് നെടുമങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 2നാണ് ശില്‍പ പല്ലുവേദനയെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് മാര്‍ച്ച് 29 ന് റൂട്ട് കനാല്‍ ചികിത്സ നടത്തി. റൂട്ട് കനാല്‍ ചെയ്യുന്നതിന് മുന്‍പ് കേടായ ഭാഗം സൂചിപോലെയുള്ള ഉപകരണം വെച്ച് നീക്കം ചെയ്യുന്നതിനിടെയാണ് ഇതൊടിഞ്ഞ് മോണയുടെ ഇടയില്‍ കുടുങ്ങിപ്പോയത്. അന്ന് ഇക്കാര്യം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നാണ് പരാതിക്കാരി പറയുന്നത്. പിന്നീട് വേദന സഹിക്കാനാകാതെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ തുടര്‍ ചികിത്സ ചെയ്യാന്‍ കഴിയില്ല എന്നറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടാനായിരുന്നു നിര്‍ദേശം. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നെടുമങ്ങാട് ആശുപത്രിയിലേക്ക് തന്നെ വീട്ടമ്മയെ തിരിച്ചയച്ചതായി പരാതിയില്‍ പറയുന്നു. അതേസമയം ഇവര്‍ തിരികെ ആശുപത്രിയില്‍ എത്തിയില്ലെന്നാണ് നെടുമങ്ങാട് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ വിഷയം സംബന്ധിച്ച് പരാതി നല്‍കിയത്. ഇത് ചികിത്സാപിഴവല്ല, മറിച്ച് ഇവര്‍ പരാതിയില്‍ ഉന്നയിച്ചകാര്യം ചികിത്സയ്ക്ക് പിന്നാലെ ഡോക്ടര്‍ തന്നെ എക്‌സ്‌റേ എടുത്ത് രോഗിയെ അറിയിച്ചതാണെന്നും ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തുടര്‍ ചികിത്സയ്ക്കായി വീട്ടമ്മ ആശുപത്രിയില്‍ പിന്നീട് എത്തിയില്ലെന്നുമാണ് വിശദീകരണം.