സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. വികസിപ്പിച്ചതായി റിപ്പോർട്ട്

കുത്തിവെപ്പിനെയും സൂചിയെയുമൊക്കെ പേടിയുള്ളവർക്ക് ആശ്വാസകരമായ ഒരു വർത്തയാണിപ്പോൾ പുറത്തുവരുന്നത്. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. വികസിപ്പിച്ചതായി റിപ്പോർട്ട്. പുതിയ ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് സിറിഞ്ച് വികസിപ്പിച്ചതെന്ന് നേതൃത്വംനൽകിയ വിരൻ മെനസസ് വ്യക്തമാക്കി. ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്‌സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തിൽ പ്രവേശിക്കുന്നത്. ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ട്. അത് തലമുടിയുടെ വീതിയോളം മാത്രമാണ്. ബോൾ പോയിന്റ് പേനയെക്കാൾ അല്പംകൂടി നീളംകൂടിയ സിറിഞ്ചിന്റെ ഒരുഭാഗത്ത് സമ്മർദമേറിയ നൈട്രജൻ വാതകമാണ് ഉപയോഗിക്കുന്നത്. ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നിന്റെ അളവ്, അവ ശരീരത്തിൽ പ്രവർത്തിക്കുന്നരീതി എന്നിവ എലികളിൽ പരീക്ഷിച്ചപ്പോൾ വിജയമാണ്. മനുഷ്യരിൽ പരീക്ഷിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.