യുപി ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 14 കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തിയത് ഡ്യൂട്ടി നഴ്‌സായ മേഘ ജെയിംസിന്റെ സമയോചിതമായ ഇടപെടല്‍

16 നവജാത ശിശുക്കളുടെ ജീവനെടുത്ത ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 14 കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായത് ഡ്യൂട്ടി നഴ്‌സായ മേഘ ജെയിംസിന്റെ സമയോചിതമായ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ്. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ തന്റെ ശരീരത്തില്‍ തീ പടര്‍ന്നിട്ടും അത് വകവെക്കാതെ മേഘ കുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. ഒരു കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കുന്നതിനായി സിറിഞ്ച് എടുക്കാന്‍ മുറിക്ക് പുറത്തിറങ്ങിയതായിരുന്നു മേഘ. തിരിച്ചെത്തിയപ്പോള്‍ മുറിയിലുള്ള ഓക്സിജന്‍ സിലിണ്ടറിന് തീപിടിച്ചതായി കണ്ട മേഘ ഇക്കാര്യം ഉടന്‍തന്നെ വാര്‍ഡ് ബോയിയെ വിളിച്ചു. വാര്‍ഡ് ബോയി ഫയര്‍ എക്സ്റ്റിംഗ്യൂഷറുമായി എത്തിയപ്പോഴേക്കും തീ പടര്‍ന്നുതുടങ്ങിയിരുന്നു. പുക നിറഞ്ഞിരുന്നതിനാല്‍ ഒന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഇതിനിടെ മേഘയുടെ ചെരിപ്പില്‍ തീപിടിക്കുകയും പിന്നീടത് കാലിലേക്കും സല്‍വാറിലേക്കും പടരുകയും ചെയ്തു. സല്‍വാര്‍ ഊരിയെറിഞ്ഞു മറ്റൊന്ന് ധരിച്ച് യുവതി വീണ്ടും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ മേഘ തന്റെ ശരീരത്തില്‍ തീ പടരുന്നത് ശ്രദ്ധിച്ചില്ല. സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് അവര്‍ കുഞ്ഞുങ്ങളെ പുറത്തെത്തിച്ചതെന്ന് അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ടായ നളിനി സൂദ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ മേഘ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.