കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നവംബർ 4 നു നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. ആദ്യം യൂവതിക്ക് നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സയാണെന്നും, രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സിച്ചത് ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അതീവ ഗുരുതരമായ ഗില്ലൈൻ ബാരി സിൻഡ്രം (Guillain-Barre syndrome) രോഗം കണ്ടുപിടിക്കാനോ അതിനുള്ള ചികിത്സ നൽകാനോ ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജ് അധികൃതർക്ക് കഴിഞ്ഞില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.