മഞ്ഞൾ കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയുമോ?ഭക്ഷണത്തിന് നിറവും സ്വാദും പോഷകവും നൽകുന്നതിന് പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞളിന് ആരോഗ്യ ഗുണങ്ങൾ നൽകുന്നത് അതിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സംയുക്തം ആണ്. ഇതിന് ആൻ്റിഓക്സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ടെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഹൃദ്രോഗം, കാൻസർ, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ മഞ്ഞൾ മികച്ചതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ചിലതരം കാൻസറുകൾ തടയുന്നതിലും ചികിത്സിക്കുന്നതിലും കുർക്കുമിൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് കാൻസർ കോശങ്ങളുടെ വളർച്ചയെയും വ്യാപനത്തെയും തടയുകയും ചെയ്യുന്നു. കൂടാതെ, കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാനും അതിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കാനും കുർക്കുമിൻ സഹായിച്ചേക്കാം. മഞ്ഞളിലെ കുർകുമിൻ എന്ന സംയുക്തം സന്ധിവാതം പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ട വേദന, കാഠിന്യം, വീക്കം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുഖസൗന്ദര്യത്തിനും മഞ്ഞൾ മികച്ചതാണ്. മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ഒക്കെ മഞ്ഞൾ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള പാടുകൾ, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾ മുതൽ സ്ട്രെച്ച് മാർക്കുകൾ വരെ പരിഹരിക്കുവാൻ മഞ്ഞൾ ഏറ്റവും ഫലപ്രദമായ പരിഹാരമാണ്. ചർമ്മത്തിന് തിളക്കം നൽകുകയും ദോഷകരമായ ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് അകറ്റുകയും ചെയ്യാൻ മഞ്ഞളിന്റെ സ്ഥിര ഉപയോഗം സഹായിക്കും. പണ്ടുകാലം മുതൽക്കേ മഞ്ഞൾ ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്. ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്), വൻകുടൽ പുണ്ണ് തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ഇതിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും. അൽഷിമേഴ്സ് രോഗത്തെ ചികിത്സിക്കാൻ മഞ്ഞൾ ഉപയോഗപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്സ് രോഗം. മഞ്ഞളിലെ മറ്റ് നിരവധി സംയുക്തങ്ങൾ വിഷാദം ലഘൂകരിക്കാനും സഹായിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. എന്നിരുന്നാലും
ഭക്ഷണ കാര്യങ്ങളിൽ മാറ്റം വരുത്തും മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.