വളരെ സുരക്ഷിതമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സാഹസിക യാത്രകൾ നടത്തുന്ന ബൈക്ക് റൈഡർമാർക്കു പോലും തെറ്റു പറ്റുന്ന ഒരു സാഹചര്യമുണ്ട്. ആ ഒരു നിമിഷത്തെ അശ്രദ്ധ മൂലം ഒന്നിലേറെ വിരലുകളാണ് പലർക്കും നഷ്ടപ്പെട്ടിട്ടുള്ളത്. ഒന്നരവർഷത്തിനിടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽമാത്രം ഇത്തരം അശ്രദ്ധ മൂലം ചികിത്സതേടിയത് 51 പേരാണ് എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇവർക്കൊന്നും വിരലുകൾ നഷ്ടപ്പെട്ടത് വാഹനം ഓടിക്കുമ്പോഴുണ്ടായ അപകടംമൂലമല്ല. മറിച്ച്, അത് നിർത്തിയിട്ട വാഹനത്തിന്റെ ചെയിൻ അശാസ്ത്രീയമായി ശുചീകരിക്കുമ്പോഴാണ്. ഇതുമൂലം നാലു വിരലുകൾവരെ ഒന്നിച്ച് അറ്റുപോയവർവരെയുണ്ട് പ്‌ളാസ്റ്റിക് സർജറി ശസ്ത്രക്രിയക്ക് വിധേയമായവരിൽ. ഗ്രീസിങ് നടത്താനും അമിതഗ്രീസ് ഒഴിവാക്കാനുമായി വളരെ എഫക്ടീവായ ഉപകരണങ്ങൾ വിപണിയിൽ ഉണ്ടെന്നിരിക്കേയാണ് അശാസ്ത്രീയരീതി ചിലർ തുടരുന്നത്. വിരലിൽ ഗ്രീസ് എടുത്ത് ചെയിനിൽ നേരിട്ട് പുരട്ടും. അതുതന്നെ വേഗത്തിലാക്കുന്നതിന് ബൈക്ക് സ്റ്റാർട്ടാക്കി സ്റ്റാൻഡിലിട്ട് ആക്‌സിലേറ്റർ കൊടുക്കും. ഇതിനിടെ അബദ്ധത്തിൽ വിരൽതെന്നി ചെയിൻ സോക്കറ്റിൽ കുടുങ്ങിയാണ് അറ്റുപോകുന്നത്.