ദിവസേന ശീതളപാനീയങ്ങള്‍ കുടിച്ചാല്‍ എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു

Serving a Cola from a bottle to a glass full of ice

ഭക്ഷണം ദഹിക്കാനാണെന്നും ഒന്നുഷാറാവാനാണെന്നും ഒക്കെ പറഞ്ഞ് നുരപതയുന്ന ശീതളപാനീയങ്ങള്‍ തങ്ങളുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നവർ നിരവധിയാണ്. അത്തരക്കാര്‍ക്കുള്ള പുതിയ ഒരു പഠനറിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. യു.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനിലാണ് ഇതുസംബന്ധിച്ച പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസേന ശീതളപാനീയങ്ങള്‍ കുടിച്ചാല്‍ എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുതലാണെന്ന് ഏഴുവര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ നൂട്രീഷന്‍ നടത്തിയ പഠനവും ഇക്കാര്യം ശരിവയ്ക്കുന്നു. ശീതളപാനീയങ്ങളുടെ സ്ഥിരമായ ഉപയോഗം എല്ലുകളിലെ മിനറലുകളുടെ അളവിനെയും കാര്യമായി ബാധിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. അമിതവണ്ണം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ദന്തക്ഷയം എന്നിവയോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എല്ലുകളില്‍ ഇവ ഏല്‍പ്പിക്കുന്ന മാരകമായ പ്രത്യാഘാതമെന്ന് ഗവേഷകര്‍ പറയുന്നു. കഫേന്‍, ഫോസ്‌ഫോറിക് ആസിഡ് എന്നിവയാണ് മിക്ക ശീതളപാനീയങ്ങളിലെയും പ്രധാന ചേരുകവകള്‍. ഇതില്‍, ഫോസ്‌ഫോറിക് ആസിഡാണ് എല്ലുകള്‍ക്ക് വിനയാകുന്നത്. ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവിനെ ഇത് വലിയതോതില്‍ ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.