കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട്. ഇൻജക്‌ഷൻ സൂചി, മരുന്നു കുപ്പി, സിറിഞ്ച്, ട്യൂബുകൾ തുടങ്ങിയ ബയോ മെഡിക്കൽ മാലിന്യങ്ങളാണ് 3 മാസമായി കെട്ടിക്കിടക്കുന്നത്. മാലിന്യം നിറഞ്ഞതോടെ പഴയ അത്യാഹിത വിഭാഗത്തിനു സമീപത്ത് സൂചികളും സിറിഞ്ചുകളും കുപ്പികളും ഇവ നിറച്ച കന്നാസുകളും തുറന്നുകിടക്കുന്ന അവസ്ഥയിലാണ്. രോഗികളിൽ കുത്തിവയ്ക്കുന്ന സൂചികളിലും സിറിഞ്ചിലും രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടായേക്കാം എന്നാണ് ആശങ്ക. നിലവിലെ കരാർ പ്രകാരമുള്ള ഫണ്ട് കഴിഞ്ഞതോടെ കണ്ടെയ്‌നർ വിതരണം നിലച്ചതാണ് ഈ സാഹചര്യത്തിന് കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം കാസ്പിൽ നിന്ന് മാലിന്യ ശേഖരണ കമ്പനിക്ക് തുക നൽകിയിട്ടുണ്ടെന്നും കണ്ടെയ്‌നർ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.