കോവിഡിനുശേഷം മധ്യവയസ്കരിലും യുവാക്കളിലും ഹൃദയസ്തംഭനവും കുഴഞ്ഞുവീണുള്ള മരണവും ഉണ്ടാകുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വീണാജോർജ് നിയമസഭയിൽ പറഞ്ഞു. എന്നാൽ, ഈ മരണങ്ങൾ കോവിഡിന്റെ സങ്കീർണതകൾ കൊണ്ട് സംഭവിക്കുന്നതാണെന്ന് തെളിയിക്കുന്ന ഗവേഷണഫലങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഐ.സി.എം.ആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും ഇതേക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ഇത്തരം മരണങ്ങൾ സംഭവിച്ച ഏഴായിരത്തിലധികം ആളുകളിലായിരുന്നു പഠനം. നേരത്തേ കണ്ടെത്തിയതോ കണ്ടത്താത്തതോ ആയ ജീവിതശൈലീരോഗങ്ങൾ, പൊണ്ണത്തടി, പുകവലി തുടങ്ങിയവയാണ് മധ്യവയസ്കരിലും യുവാക്കളിലും പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്ക് കാരണമെന്നാണ് ഈ പഠനങ്ങൾ പറയുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.