എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. എലിസബത്ത് രാജ്ഞിയുടെ മരണകാരണം സംബന്ധിച്ച് ഇതാദ്യമായാണ് ഒരു ഉയര്‍ന്ന പദവിയിലിരിക്കുന്നയാള്‍ അഭിപ്രായം പങ്കുവെക്കുന്നത്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന അണ്‍ലീഷ്ഡ് എന്ന പുതിയ പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശമുള്ളത്. ഒരു വര്‍ഷത്തോളം അവര്‍ ബോണ്‍ കാന്‍സറിനോട് പോരാടിയിട്ടുണ്ടെന്നും ബോറിസ് ജോണ്സണ് പുസ്തകത്തില്‍ പറയുന്നു. 2022 സെപ്റ്റംബറിലാണ് എലിസബത്ത് രാജ്ഞി വിടപറയുന്നത്. മരണസര്‍ട്ടിഫിക്കറ്റില്‍ പ്രായാധിക്യം മൂലമാണ് രാജ്ഞി മരണപ്പെട്ടത് എന്നാണുള്ളത്. രാജ്ഞിയെ അവസാന നാളുകളില്‍ കണ്ട അനുഭവവും ബോറിസ് വിശദീകരിക്കുന്നുണ്ട്. അവര്‍ വിളറിയതുപോലെയാണ് കാണപ്പെട്ടത്. കൈകളില്‍ കറുത്ത പാടുകള്‍ ഉണ്ടായിരുന്നു. ഇത് ഇന്ജക്ഷന്റേതാകാം. താന്‍ മരണപ്പെടുമെന്നുള്ള കാര്യം അവര്‍ക്ക് അറിയാമായിരുന്നു. എങ്കിലും അതിനോട് പൊരുതാനും അവസാനമായി തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുമാണ് എലിസബത്ത് രാജ്ഞി തീരുമാനിച്ചിരുന്നത് എന്നും ബോറിസ് കുറിച്ചു.