പാലക്കാട് ജില്ലയിൽ വിട്ടൊഴിയാതെ ഡെങ്കിപ്പനി. കഴിഞ്ഞ ഒരാഴ്ചക്കിടെ 33 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ 60 പേർ ചികിത്സ തേടി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 22 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒക്ടോബർ ആദ്യവാരത്തെ കണക്കുകൾ പ്രകാരമാണിത്. ആരോഗ്യ വകുപ്പിൻറെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒക്ടോബറിൽ ഏഴുദിവസത്തിനിടെ 379 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1027 പേരാണ് ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. കൊതുകു വഴി പടരുന്ന രോഗമായതിനാൽ പരിസരശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കൊതുകിൻറെ ഉറവിടനശീകരണമാണ് പ്രധാനം. പെട്ടന്നുള്ള ഉയർന്ന പനി, കഠിനമായ തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, സന്ധികളിലും പേശികളിലും കടുത്ത വേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി ആരംഭിച്ച് രണ്ടോ അഞ്ചോ ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചർമ്മ ചുണങ്ങ്, നേരിയ രക്തസ്രാവം തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.