ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെയാണ് ഇവരുടെ തുടർ ചികിത്സ ഉറപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ സമയബന്ധിതമായി ക്യാമ്പുകൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. പൂർണമായും സൗജന്യമായ ഈ മെഡിക്കൽ ക്യാമ്പുകളിൽ പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ, യോഗ പരിശീലനം എന്നിവയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യമായിട്ടാണ് പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിനായി ഇങ്ങനെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. വിളർച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങൾ, വയോജനാരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രവർത്തിക്കുക.