കനിവ് 108 ആംബുലന്‍സ് സര്‍വീസിന് സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് ആക്ഷേപം

കനിവ് 108 ആംബുലന്‍സ് സര്‍വീസിന് സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് കരാര്‍ കമ്പനിക്ക് അടിയന്തര സാമ്പത്തിക സഹായമായി പത്തു കോടി രൂപ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അനുവദിച്ചത്. എന്നാല്‍ 90 കോടി രൂപയോളം ഇപ്പോഴും കുടിശ്ശിക തുടരുന്നതിനാല്‍ ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ് സ്വകാര്യ കമ്പനി. ഡിസംബര്‍ മുതല്‍ നല്‍കിയ ബില്‍ തുകയില്‍ കുടിശ്ശിക വന്നതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന നിലപാടിലാണ് സ്വകാര്യ കമ്പനി. ഉടനടി സര്‍ക്കാര്‍ ഇടപെട്ട് ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിലും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി യൂണിയനകളുടെ തീരുമാനം.