ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം ഇന്ത്യക്കാരിൽ അടിവയറ്റിലെ കൊഴുപ്പ് ക്രമാതീതമായി കൂടുന്നതായി പഠനം

man's hand holding excessive belly fat, overweight concept.

ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം ഇന്ത്യക്കാരിൽ അടിവയറ്റിലെ കൊഴുപ്പ് ക്രമാതീതമായി കൂടുന്നതായി പഠനം. അനാരോഗ്യകരമായ ഭക്ഷണരീതിയും ശരീരത്തിന് യാതൊരു കായികാധ്വാനവും നൽകാത്തതുമാണ് ഇന്ത്യക്കാരിൽ അടിവയറ്റിലെ പൊണ്ണത്തടി ക്രമാതീതമായി വർധിക്കുന്നതിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയിലെ മുൻ സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറയുന്നു. രാജ്യത്ത് ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമം ചെയ്യാനുള്ള സാഹചര്യവും കൊണ്ട് പൊണ്ണത്തടിയെ പ്രതിരോധിക്കേണ്ട ആവശ്യകതയെക്കുറിച്ചും ഡോക്ടർ വിശദമാക്കുന്നു. ഇന്ത്യയിലും ലോകത്താകമാനവും വലിയ തോതിൽ വർധിച്ചുവരുന്ന പ്രമേഹം, കാൻസർ, രക്തസമ്മർദ്ദം, മറ്റ് സാംക്രമികേതര രോഗങ്ങൾ എന്നിവയിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് പൊണ്ണത്തടിയെ ആരോഗ്യരംഗം കണക്കാക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതിയും ശരീരത്തിന് മതിയായ വ്യായാമം ലഭിക്കാത്തതുമാണ് അടിവയറ്റിലും അരക്കെട്ടിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പിന് കാരണമാവുന്നതെന്ന് സൗമ്യ സ്വാമിനാഥൻ സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. ദ ലാൻസെറ്റ് റീജ്യണൽ ഹെൽത് ജേണലിൽ പ്രസിദ്ധീകരിച്ച അടിവയറ്റിലെ അമിത പൊണ്ണത്തടിയെക്കുറിച്ചുള്ള ലേഖനത്തെ ആസ്പദമാക്കിയാണ് സൗമ്യ എക്‌സിൽ കുറിച്ചത്. അടിവയറ്റിലെ പൊണ്ണത്തടി പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കണ്ടുവരുന്നത്. നാൽപതു ശതമാനം സ്ത്രീകളിൽ പൊണ്ണത്തടിയുണ്ടാവുമ്പോൾ പുരുഷന്മാരിൽ അത് 12 ശതമാനമാണ്. 30-40 വയസ്സിനിടയിലുള്ള സ്ത്രീകളിൽ പത്തിൽ ആറുപേരും അടിവയറ്റിൽ കൊഴുപ്പടിഞ്ഞവരാണ് എന്നും ഡോക്ടർ എടുത്ത് പറയുന്നു.