ശസ്ത്രക്രിയാരംഗത്ത് അത്യധുനികമായ പലചുവടുവെപ്പുകൾക്കും ശാസ്ത്രലോകം സാക്ഷ്യംവഹിക്കുന്നുണ്ട്. രാേഗിയുടെ അടുത്തില്ലാതെയും ശസ്ത്രക്രിയ സാധ്യമാക്കിയതിന്റെ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സമാനമായൊരു വാർത്തയാണ് സ്വിറ്റ്സർലന്റിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. 9000 കിലോമീറ്റർ അകലെയുള്ള പന്നിയിൽ ഗെയിം കൺട്രോളറിലൂടെ സർജറി നടത്തിയ അതിശയമുളവാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സൂറിച്ച് സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ് കോങ് എന്നിവിടങ്ങളിലെ ഗവേഷകരാണ് ടെലിഓപ്പറേറ്റഡ് മാഗ്നറ്റിക് എൻഡോസ്കോപി സർജറി വിജയകരമായി പൂർത്തിയാക്കിയത്. ഹോങ്കോങ്ങിലുള്ള പന്നിയിലാണ് സ്വിറ്റ്സർലന്റിൽ നിന്നുള്ള ഗവേഷകർ ശസ്ത്രക്രിയ ചെയ്തത്. ഹോങ്കോങ്ങിലെ ശസ്ത്രക്രിയാ റൂമിലുള്ള ശസ്ത്രക്രിയാ വിദഗ്ധനും 9300 കിലോ മീറ്റർ അകലെയുള്ള റിമോട്ട് സ്പെഷലിസ്റ്റും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയാമുറിയിലെ ദൃശ്യങ്ങൾ വീഡിയോയിലൂടെ കണ്ട് ഗെയിം കൺട്രോൾ വഴി മറ്റു നടപടികൾ പൂർത്തിയാക്കുകയാണ് സ്വിറ്റ്സർലന്റിൽ നിന്നുള്ള ഡോക്ടർ ചെയ്തത്. വിദൂരസ്ഥലങ്ങളിൽ ശസ്ത്രക്രിയകൾ വിജയകരമായി നടപ്പിലാക്കൽ മനുഷ്യരിലും സാധ്യമാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് ഗവേഷകർ പറയുന്നു. അഡ്വാൻസ്ഡ് ഇന്റലിജൻസ് സിസ്റ്റംസ് എന്ന ജേർണലിൽ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.