വാടകഗർഭം ധരിക്കുന്ന സ്ത്രീകൾ പ്രസവാനന്തരം നേരിടേണ്ടിവരുന്ന വെല്ലുവിളികൾ മറ്റ് അമ്മമാരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനം

വാടകഗർഭം ധരിക്കുന്ന സ്ത്രീകൾ പ്രസവാനന്തരം നേരിടേണ്ടിവരുന്ന വെല്ലുവിളികൾ മറ്റ് അമ്മമാരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനം. കാനഡയിലെ മഗിൽ സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമ്മമാരുടെ രോഗാവസ്ഥ, നവജാത ശിശുക്കളുടെ രോഗാവസ്ഥ, സിസേറിയൻ പ്രസവം, മാസം തികയാതെയുള്ള ജനനം, പ്രസവാനന്തര രക്തസ്രാവം, ഹൈപ്പർടെൻസീവ് ഡിസോർഡേഴ്‌സ് എന്നിവ അടിസ്ഥാനമാക്കിയാണ് ഗവേഷകർ പഠനം നടത്തിയത്. ഗർഭാവസ്ഥയിലും പ്രസവാനന്തര കാലത്തിന്റെ തുടക്കത്തിലും രക്താതിമർദം, രക്തസ്രാവം തുടങ്ങിയ ഗുരുതരമായ സങ്കീർണതകൾ വാടകഗർഭധാരണത്തിൽ കൂടുതലായിരിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു . സ്വാഭാവികമായോ ഐ.വി.എഫ്. വഴിയോ ഗർഭം ധരിക്കുന്നവരെക്കാൾ വലിയ വെല്ലുവിളികളാണ് വാടകഗർഭം ധരിക്കുന്നവർക്ക് നേരിടേണ്ടി വരുമെന്നും പഠനത്തിൽ വ്യക്തമാക്കി. ഒൻ്റാരിയോയിലെ ആരോഗ്യമേഖയിലെ വിവരശേഖരണ സംവിധാനമായ ബെറ്റർ ഔട്ട്കം രജിസ്ട്രി ആൻഡ് നെറ്റ്‌വർക്ക്, 2012-2021 കാലയളവിൽ ശേഖരിച്ച വിവരങ്ങളാണ് പഠന വിധേയമാക്കിയത്. ഗവേഷണത്തിന് ആധാരമാക്കിയ 863017 പ്രസവങ്ങളിൽ 806 -ഉം വാടക ഗർഭധാരണത്തിലൂടെയുള്ളതാണ്. ഇവരിൽ 7.8 % പേരിലും പ്രസവാനന്തര സങ്കീർണതകൾ കണ്ടെത്തിയതായി പഠനത്തിൽ കണ്ടെത്തി . വാടകഗർഭം ധരിച്ച സ്ത്രീകളിലെ പ്രസവാനന്തര രക്തസ്രാവത്തിനുളള സാധ്യത മറ്റു അമ്മമാരെ അപേക്ഷിച്ച് 2.9 തവണ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.