ഇന്ത്യയിലാദ്യമായി കണ്ണിലെ വെള്ളെഴുത്തിനു പരിഹാരമായി ഐ ഡ്രോപ്സ് വികസിപ്പിച്ച് ശാസ്ത്രജ്ഞർ. മുംബൈ ആസ്ഥാനമായുള്ള എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് ആണ് PresVu Eye Drops എന്ന ഈ തുള്ളിമരുന്നിന് പിന്നിൽ. വെള്ളെഴുത്ത് അഥവാ പ്രെസ്ബയോപിയയ്ക്കുള്ള ചികിത്സയായാണ് ഐഡ്രോപ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഐ ഡ്രോപ്സിനു ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പ്രെസ്ബയോപിയ ഉള്ളവരിൽ കണ്ണടയുടെ സഹായമില്ലാതെ തന്നെ അടുത്തുള്ള വസ്തുക്കൾ കാണാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐ ഡ്രോപ്സ് ആണിത്. വായിക്കാൻ മാത്രമല്ല കണ്ണിലെ വരണ്ട അവസ്ഥ ഇല്ലാതാക്കുന്നതിനും മരുന്നിന് കഴിവുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഒക്ടോബറോടെ മരുന്ന് വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. 350 രൂപയ്ക്കാണ് ഫാർമസികളിൽ ലഭിക്കുക. നാൽപതും അമ്പത്തിയഞ്ചും വയസ്സ് പ്രായമുള്ളവർക്കിടയിലെ നേരിയതും മിതവുമായ പ്രെസ്ബയോപിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ മരുന്നിന് കഴിയുമെന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.