മുണ്ടിനീരിനുള്ള MMR വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന് റിപ്പോർട്ട്

മുണ്ടിനീരിനുള്ള MMR വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന് റിപ്പോർട്ട്. കേന്ദ്രത്തിന്റെ സാര്‍വത്രിക രോഗപ്രതിരോധ പരിപാടിയില്‍ മുണ്ടിനീരിനുകൂടിയുള്ള മംസ്, മീസില്‍സ്, റൂബെല്ല വാക്‌സിന്‍ ഇപ്പോഴില്ല. പകരം എം.ആര്‍. (മീസില്‍സ്, റൂബെല്ല) വാക്‌സിന്‍മാത്രമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ എം.എം.ആര്‍. വാക്‌സിന്‍ കിട്ടില്ല. എന്നാല്‍, സ്വകാര്യമേഖലയില്‍ എം.എം.ആര്‍. വാക്‌സിന്‍ കിട്ടുന്നുണ്ട്. മുണ്ടിനീര് കുറവാണെന്ന് വിലയിരുത്തിയാണ് 2018 ഒക്ടോബര്‍മുതല്‍ സർക്കാർ തലത്തിൽ വാക്‌സിന്‍ വിതരണം നിര്‍ത്തിയത്. മുണ്ടിനീര് ഇപ്പോഴുമുള്ളതിനാല്‍ എം.എം.ആര്‍. വാക്‌സിന്‍ വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ രൂപവത്കരിച്ച ഡോ. ബി. ഇക്ബാല്‍ അധ്യക്ഷനായിരുന്ന സമിതി 2022-ല്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നടപ്പായില്ല. അതേസമയം, സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 43,927 പേര്‍ക്ക് രോഗം വ്യാപിച്ചിട്ടുള്ളതായി റിപോർട്ടുകൾ പറയുന്നു.