ജോലി ചെയ്യുന്ന സർക്കാർ ആശുപത്രിയുടെ ഒരു കിലോമീറ്റർ പരിധിയിൽ ഡോക്ടർമാരുടെ സ്വകാര്യപ്രാക്ടീസ് വിലക്കി ഗവ. സെർവന്റ്‌സ് കോണ്ടക്‌ട് റൂളിൽ ഭേദഗതി വരുത്തി. താമസസ്ഥലമോ ഔദ്യോഗിക ക്വാർട്ടേഴ്‌സോ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലാണെങ്കിൽ ഇളവുണ്ട്. ലാബ്, സ്‌കാനിങ് കേന്ദ്രം, ഫാർമസി തുടങ്ങിയ സ്ഥാപനങ്ങൾക്കൊപ്പമോ വ്യാവസായിക ആവശ്യത്തിന് നിർമിച്ച കെട്ടിടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് പാടില്ല. ഇൻസ്‌പെക്‌ഷൻ സമയത്ത് ആധാർ കാർഡ്, ഏറ്റവും പുതിയ വൈദ്യുതി/ഫോൺ ബിൽ, കരമൊടുക്കിയ റസീതോ, വാടക കെട്ടിടമെങ്കിൽ അതിന്റെ രേഖയോ ഹാജരാക്കണം. ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ സ്വകാര്യ പ്രാക്ടീസ് പാടില്ല. സ്വകാര്യ പ്രാക്ടീസ്, യോഗ്യത എന്നിവ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരണമോ പരസ്യമോ പാടില്ല. രോഗനിർണയ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്‌ക്കണം. പുറത്തുനിന്ന് ചികിത്സ നൽകുന്ന രോഗികൾക്ക് ഡോക്ടർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് കുത്തിവയ്‌പ്പ്, മരുന്ന്, ഡ്രസ്സിങ് തുടങ്ങി ഒരു സേവനവും ലഭ്യമാക്കരുത്. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ സർക്കാർ ആശുപത്രിയുടെ സേവനങ്ങളൊന്നും ഉപയോഗിക്കരുതെന്ന കർശന നിർദേശവും ഭേദഗതിയിലുണ്ട്.