മെഡിസെപ്പ് പദ്ധതിയിലൂടെ രണ്ടര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കിയെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായാണ് സൗജന്യ കിടത്തി ചികിത്സയായി ഇത്രയും തുകയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കിയത്. 2022 ജൂലൈ ഒന്നിന് ആരംഭിച്ച പദ്ധതിയില്‍ കഴിഞ്ഞ ആഗസ്ത് 31 വരെ 2,87,489 പേര്‍ക്കാണ് ചികിത്സ ഉറപ്പാക്കിയത്. ഇതില്‍ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്കായാണ് നല്‍കിയത്. 87.15 കോടി രൂപ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സക്കും നല്‍കി. 56.29 കോടി രൂപ അതീവ ഗുരുതര രോഗങ്ങള്‍, അവയവമാറ്റ ശസ്ത്രക്രീയകള്‍ എന്നിവക്കായുള്ള പ്രത്യേക നിധിയില്‍ നിന്നാണ് അനുവദിച്ചത്. വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം ഉള്‍പ്പെടെ അടിയന്തിര സാഹചര്യങ്ങളില്‍ പാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രികളില്‍ ചികിത്സ തേടിയതിന് നാലു കോടി രൂപയും ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കിയാതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.