കോഴിക്കോട് കോർപറേഷൻ പരിധിയിലെ കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 39 ആയതായി റിപ്പോർട്ട്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 11 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എരത്ത് കുന്നിലെ കുടിവെള്ള ടാങ്ക് ക്ലോറിനേറ്റ് ചെയ്തു. ആരോഗ്യ പ്രവർത്തകർ വീടുകളിൽ ബോധവത്കരണം നടത്തി. ശനിയാഴ്ച എരവത്ത് കുന്നിലെ ആരോഗ്യവകുപ്പ് സർക്കിൾ ഓഫിസിൽ പ്രദേശവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് കൗൺസിലർ കവിത അരുൺ വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ളവരും ജനകീയ കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളം ഉപയോഗിച്ചവരും ക്യാമ്പിൽ എത്തി പരിശോധന നടത്തണം. രോഗവ്യാപനം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതാണ് മഞ്ഞപ്പിത്തത്തിനു കാരണമായതെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് കോർപറേഷൻ അധികൃതരുടെ വാദം.