കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻനിന്നു വാങ്ങിയ പ്രഭാതഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി ആരോപണം. വാഴൂർ കണ്ടപ്ലാക്കൽ കെ.ജി. രഘുനാഥൻ ബുധനാഴ്ച രാവിലെ പാഴ്സലായി അപ്പത്തിനൊപ്പം വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടെത്തിയത്. ഭക്ഷണം വാങ്ങിയ ആൾ ആശുപത്രി അധികൃതർക്ക് പരാതി നൽകി. ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തിയശേഷം ഉച്ചയോടെ കാന്റീൻ അടപ്പിച്ചു. കൂടാതെ ഇതേ കാന്റീനിലെ ഭക്ഷണത്തിൽ വണ്ടിനെ കിട്ടിയതായും ആശുപത്രി അന്തേവാസികൾ വ്യക്തമാക്കി. കാന്റീനിൽ കീടനിയന്ത്രണം നടത്തി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയ്ക്കുശേഷം മാത്രം തുറന്നുപ്രവർത്തിപ്പിക്കാവൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. രണ്ട് മാസം മുമ്പ് ബിരിയാണിയിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് ഈ കാന്റീൻ പൂട്ടിയിരുന്നു. മാസങ്ങൾക്ക് ശേഷം തുറന്ന് പ്രവർത്തിച്ചപ്പോഴാണ് വീണ്ടും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിളമ്പിയതെന്നും ആരോപണമുണ്ട്.