കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല്‍ ലോകത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാനാകും. നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാള്‍വഴികള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ ‘എ പാത്ത് ടു വെല്‍നെസ് കേരളാസ് ബാറ്റില്‍ എഗേന്‍സ്റ്റ് ടിബി’ എന്ന ഡോക്യുമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷന്‍ പ്ലാനിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.