വെള്ളെഴുത്ത് പരിഹരിക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി ഇറങ്ങിയ തുള്ളി മരുന്നിന്റെ ഉത്പാദനം നിർത്തിവെക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ ഉത്തരവ്. വെള്ളെഴുത്ത് ബാധിച്ചവർ ഒരു തുള്ളി മരുന്ന് കണ്ണിലൊഴിച്ചാൽ 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങുമെന്നും അടുത്ത ആറുമണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കുമെന്നുമാണ് മരുന്ന് കമ്പനിക്കാരായ എന്റോഡ് ഫാർമസ്യൂട്ടിക്കൽ അവകാശപ്പെട്ടത്. കണ്ണട ഉപയോഗിക്കുന്നത് നിർത്താനാകുമെന്നും അവകാശപ്പെട്ടു. എന്നാൽ, ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് കമ്പനിക്ക് മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്നും പൊതുജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും സി.ഡി.എസ്.ഒ. ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.