ലൈസൻസില്ലാതെ ആന്‍റിബയോട്ടിക് വിൽപന നടത്തുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് ആൻറിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ, വളർത്തു മൃഗങ്ങൾക്ക് വെറ്ററിനറി ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ അനാവശ്യമായി നൽകുന്നുവെന്ന് കണ്ടെത്തി. വിവിധ ജില്ലകളിലായി 73 സ്ഥാപനങ്ങളിലാണ് ‘ഓപ്പറേഷൻ വെറ്റ്ബയോട്ടിക്’ എന്ന പേരിൽ പരിശോധന നടന്നത്. മതിയായ ഡ്രഗ്സ് ലൈസൻസില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ അനധികൃതമായി വാങ്ങി സൂക്ഷിക്കുകയും വിപണനം നടത്തുകയും ചെയ്ത രണ്ട് സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചു. കൂടാതെ 1,28,000 രൂപയോളം വിലപിടിപ്പുള്ള മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.