മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയും പി.ആർ.പി ചികിത്സയും ഇനി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ലഭ്യമാവും. മുട്ട് തേയ്മാനത്തിന്റെ ശാശ്വത ചികിത്സയായ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ഏറെ നാളായി മുട്ടുവേദനയാൽ ദുരിതമനുഭവിച്ച വൈത്തിരി സ്വദേശിക്കാണ് സർജറി ചെയ്തത്. എല്ല് തേയ് മാനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ മുട്ടുവേദന സർജറി കൂടാതെ ഫലപ്രദമായി ചികിത്സിക്കാനുള്ള പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ തെറാപ്പിയും ആശുപത്രിയിൽ ആരംഭിച്ചു. സ്വകാര്യ മേഖലയിൽ ഭാരിച്ച ചെലവ് വരുന്ന ചികിത്സകളാണ് കുറഞ്ഞ നിരക്കിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കുന്നത്. അസ്ഥിരോഗ വിഭാഗം ഡോക്ടർമാരായ ഡോ. കെ. രാജഗോപാലൻ, ഡോ. നിഖിൽ നാരായണൻ, ഡോ. ഐവിൻ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. സക്കീർ ഹുസൈൻ, ഡോ. സ്വാതി സുദൻ, തിയേറ്റർ ഇൻ -ചാർജ് റംല, നഴ്സിങ് ഓഫീസർ മിനു ദേവസ്യ, ഒ.ടി ടെക്നീഷ്ൻ അഞ്ജലി, അഭിജിത്ത്, നഴ്സിങ് അസിസ്റ്റന്റ് സന്തോഷ്, ബിന്ദു എന്നിവർ അടങ്ങുന്ന ടീമാണ് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നിർവഹിച്ചത്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ ടീം അംഗങ്ങളെ അഭിനന്ദിച്ചു.