ഹൈപ്പർടെൻഷൻ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്നു പഠന റിപ്പോർട്ട്. ന്യൂസൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കുന്ന ന്യൂറോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 72 വയസ്സുപ്രായമുള്ള 31,000-ത്തിലേറെ പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഓസ്ട്രേലിയ, സ്പെയിൻ, ജപ്പാൻ തുടങ്ങി പതിനാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് പഠനത്തിന്റെ ഭാഗമായത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ഒമ്പതുശതമാനംപേർ ഉയർന്ന രക്തസമ്മർദത്തിന് ചികിത്സ തേടാത്തവരാണെന്ന് കണ്ടെത്തിയത്. 51ശതമാനംപേർ ഹൈപ്പർടെൻഷന് മരുന്നെടുക്കുന്നവരും 36 ശതമാനം പേർ ഉയർന്ന രക്തസമ്മർദം ഇല്ലാത്തവരുമാണ്. ആഗോളതലത്തിൽ 46ശതമാനംപേരും തങ്ങൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് തിരിച്ചറിയാത്തവരാണെന്ന് ഗവേഷകർ പറയുന്നു. ഹൈപ്പർടെൻഷൻ ഉള്ള അഞ്ചിലൊരാൾ മാത്രമേ അത് ഫലപ്രദമായി നിയന്ത്രണവിധേയമാക്കുന്നുള്ളൂ എന്നും ഗവേഷകർ പറയുന്നുണ്ട്. ഹൈപ്പർടെൻഷന് ചികിത്സ തേടാത്തവരിൽ 36ശതമാനമാണ് അൽഷിമേഴ്സിന് സാധ്യതയുള്ളത്. ഹൈപ്പർടെൻഷന് ചികിത്സ സ്വീകരിക്കുന്നവരിൽ താരതമ്യേന അൽഷിമേഴ്സ് സാധ്യത കുറവാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.