116 രാജ്യങ്ങളിൽ എംപോക്സ് അഥവാ മങ്കിപോക്സ് തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തരയോഗം ചേരാൻ ഒരുങ്ങി ലോകാരോഗ്യസംഘടന. ഗ്രേഡ് ത്രീ എമർജൻസി വിഭാഗത്തിൽപ്പെടുത്തിയാണ് കൂടുതൽ മുന്നൊരുക്കങ്ങൾ നടത്താൻ ലോകാരോഗ്യസംഘടന ഇടപെടൽ നടത്തുന്നത്. അടിയന്തര ഇടപെടൽ അനിവാര്യമാണെന്നാണ് ഗ്രേഡ് ത്രീ ക്ലാസിഫിക്കേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. 2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും മങ്കിപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യങ്ങളിലേക്കും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അവിടുത്തെ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ മാത്രം 15,000 മങ്കിപോക്സ് രോഗികളും 461 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്തേ അപേക്ഷിച്ച് 160 ശതമാനമാണ് വർധന.