വയനാട്ടിലേക്കുള്ള ദുരിതാശ്വാസപ്രവർത്തനങ്ങളിലേക്ക് വന്ന വ്യത്യസ്തമായ ഒരു സഹായസന്നദ്ധതയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ച. ഇടുക്കി ഉപ്പുതറ സ്വദേശിയായ സജിൻ പാറേക്കരയാണ് ഏറ്റവും പവിത്രവും മഹത്തരവുമായ സഹായ സന്നദ്ധത സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്.” ഞങ്ങൾ ഇടുക്കിയിൽ ആണ്, എങ്കിലും വയനാട്ടിൽവന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബം തയ്യാറാണ്, ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ”, ഇതായിരുന്നു സജിൻ പങ്കുവെച്ച കുറിപ്പ്. മൊബൈൽ നമ്പർ ഉൾപ്പെടെയാണ് സജിൻ കുറിപ്പ് പങ്കുവെച്ചത് . വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഈ കുറിപ്പിന് ലഭിച്ച പ്രതികരണങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടുമണിയോടെ വയനാട്ടിലേക്ക് യാത്രതിരിച്ചിരിക്കുകയാണ് സജിനും കുടുബവും.