ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുത്തി എത്തിക്കുന്നവർക്ക് തീവ്ര പരിചരണം നൽകാനായി വയനാട്ടിലെ ആശുപത്രികളിൽ ഐസിയുകൾ സജ്ജമെന്നു ആരോഗ്യമന്ത്രി

ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുത്തി എത്തിക്കുന്നവർക്ക് തീവ്ര പരിചരണം നൽകാനായി വയനാട്ടിലെ ആശുപത്രികളിൽ ഐസിയുകൾ സജ്ജമാണ് എന്ന് വീണ ജോർജ്. എയർ ലിഫ്റ്റ് ചെയ്താൽ എത്തപ്പെടുന്ന മഞ്ചേരി മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. ഇതുവരെ 199 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതുകൂടാതെ 130 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകളും എടുത്തിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം വയനാട് മേപ്പാടിയിൽ ഇപ്പോൾ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു. ചുളിക്ക മദ്രസ ഹാളാണ് അവർ വിട്ടു നൽകിയത്. ആവശ്യകതയനുസരിച്ച് ഇവിടെയും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കും. ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ അന്തർദേശീയ ഗൈഡ് ലെയിൻ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചതായും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.