വാർത്താ അവതരണത്തിനിടെ റിപ്പോർട്ടർക്ക് പാനിക് അറ്റാക്ക്

വാർത്താ അവതരണത്തിനിടെ റിപ്പോർട്ടർക്ക് പാനിക് അറ്റാക്ക്. എ.ബി.സി. ന്യൂസ് ബ്രോഡ്കാസ്റ്റ് റിപ്പോർട്ടറായ ഓസ്ട്രേലിയൻ സ്വദേശി നേറ്റ് ബ്രെയിനിനാണ് വാർത്ത അവതരണത്തിനിടെ പാനിക് അറ്റാക്ക് ഉണ്ടായത്. ക്വീൻസ്ലാൻഡിലെ കാലാവസ്ഥയേക്കുറിച്ച് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് നേറ്റിന് പാനിക് അറ്റാക്ക് ഉണ്ടായത്. ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 6.30-നായിരുന്നു സംഭവം. തനിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്നും ബ്രേക് എടുക്കുന്നുവെന്നും നേറ്റ് പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് ഇടയ്ക്ക് പാനിക് അറ്റാക്ക് ഉണ്ടാകുമെന്ന് ചിലർക്കെങ്കിലും അറിയുമായിരിക്കുമെന്നും ഇപ്പോഴത് സംഭവിക്കുകയാണെന്നും നേറ്റ് വീഡ‍ിയോയിൽ പറയുന്നുണ്ട്. തുടർന്ന് നേറ്റിനൊപ്പം വാർത്ത അവതരിപ്പിച്ചുകൊണ്ടിരുന്ന ലിസ മില്ലർ ഇടപെടുകയും നേറ്റിന്റെ ആരോ​ഗ്യാവസ്ഥയേക്കുറിച്ച് പങ്കുവെക്കുകയുമായിരുന്നു. നേറ്റ് നേരത്തേയും പാനിക് അറ്റാക്കിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ടെന്നും പലർക്കും അതിലൂടെ ഈയവസ്ഥയേക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും ലിസ പറഞ്ഞു. ശേഷം ആരോ​ഗ്യം വീണ്ടെടുത്ത നേറ്റ് വാർത്താ അവതരണത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നതായി വിഡിയോയിൽ ഉണ്ട്.