സംസ്ഥാനത്ത് ഈ വർഷം കൊതുകുജന്യ രോഗങ്ങൾ കവർന്നത് 105 പേരുടെ ജീവനെന്നു റിപ്പോർട്ട്. കൊതുക് പരത്തിയ ഡെങ്കിപ്പനി, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം എന്നിവയാണ് ഇത്രയും മരണംവിതച്ചത്. പതിനായിരങ്ങളെയാണ് കൊതുകുകൾ ഈവർഷം രോഗക്കിടക്കയിലാക്കിയത്. കേരളത്തിൽ കൊതുകുകളുടെ 153 സ്പീഷീസുകളുണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. അതിൽ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തിൽ നിന്നാണ്. കൊതുകുകടി എൽക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാർഗം. ശരീരം മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീർണമാക്കുമെന്നും, രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.