മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമ്മിഷൻ പുതുക്കി. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള അനുപാതത്തിലാണ് കാര്യമായ മാറ്റം വരുത്തിയത്. കൂടുതൽ സീറ്റുകളുറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. പി.ജി. കോഴ്സുകളുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രൊഫസർമാർക്ക് മൂന്ന് വിദ്യാർഥികളെന്നതാണ് പുതിയ അനുപാതം. അസോസിയേറ്റ് പ്രൊഫസർമാർക്ക് രണ്ടുപേരുടെ ചുമതലയാണ് സർക്കാർ കോളേജുകളിലും യോഗ്യതയുള്ള സ്വകാര്യ കോളേജിലും കിട്ടുക. ഈ യോഗ്യതയില്ലാത്ത സ്വകാര്യ കോളേജിന് ഒരാളെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള വിദ്യാർഥികളുടെ അനുപാതത്തിലും വർധന വരുത്തിയിട്ടുണ്ട്. സീറ്റ് വർധനയ്ക്കുള്ള സാധ്യത കേരളത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.