ആർദ്ര കേരളം പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാമതെത്തി മൂവാറ്റുപുഴ നഗരസഭാ. സമഗ്ര ആരോഗ്യ പദ്ധതിയുടെ വിജയകരമായ നടത്തിപ്പാണ് നഗരസഭയെ അവാർഡിന് അർഹമാക്കിയത്. 2022-23 വർഷം ആരോഗ്യമേഖലയിൽ മാത്രമായി 10 കോടിയോളം ചെലവഴിച്ചതായി ചെയർമാൻ പി.പി. എൽദോസ് വ്യക്തമാക്കി. സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ, പ്രതിരോധ കുത്തിവെപ്പ്, പ്രതിരോധ പ്രവർത്തനം, മാലിന്യ നിർമാർജനം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്. ജില്ലയിൽ ആദ്യമായി വെൽനസ് സെന്റർ ആരംഭിച്ചതും ഇവിടേക്ക് അനുവദിച്ച തുക നൂറുശതമാനം സംസ്ഥാനത്ത് ആദ്യം ചെലവഴിച്ചതും നഗരസഭയാണ്. ജനറൽ ആശുപത്രി, ഹോമിയോ, ആയുർവേദ ആശുപത്രികൾ, കിഴക്കേകര, കുര്യൻമല വെൽനസ് സെന്ററുകൾ വഴിയാണ് ആർദ്ര കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയത്. കൗൺസിലർമാരുടെയും സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ വിജയം കൂടിയാണ് പുരസ്കാരമെന്ന് ചെയർമാൻ വ്യക്തമാക്കി.