ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനുപിന്നിൽ നിരവധി പേരുണ്ടാകാമെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടറുടെ മാതാപിതാക്കൾ. കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തോടാണ് അവർ ഇക്കാര്യം പങ്കുവെച്ചത്. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്കൊപ്പം ജോലി ചെയ്തിരുന്ന ഡോക്ടർമാർ അടക്കമുള്ളവരുടെ പേരുകൾ അവർ അന്വേഷണ സംഘത്തിന് കൈമാറിയതായി സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, റിപ്പോർട്ടു ചെയ്തു. അതിനിടെ, സംശയമുള്ള 30 ഓളംപേരെ ചോദ്യം ചെയ്തുവരികയാണെന്ന് സിബിഐ വൃത്തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ആശുപത്രി അധികൃതരും പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരെയാണ് ചോദ്യംചെയ്യുന്നത്.