സംസ്ഥാനത്ത് ചിക്കൻപോക്‌സ് ബാധിച്ച് ഇക്കൊല്ലം ഇതുവരെ 15 പേർ മരിച്ചതായി റിപ്പോർട്ട്

സംസ്ഥാനത്ത് ചിക്കൻപോക്‌സ് ബാധിച്ച് ഇക്കൊല്ലം ഇതുവരെ 15 പേർ മരിച്ചതായി റിപ്പോർട്ട്. അഞ്ചുവർഷത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിച്ച് സങ്കീർണമാകുന്നതും ചികിത്സിക്കാൻ വൈകുന്നതുമാണ് മരണം കൂടാൻ കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കഴിഞ്ഞവർഷം 26,363 പേർക്കു രോഗം ബാധിച്ചെങ്കിലും മരണസംഖ്യ നാലുമാത്രമായിരുന്നു. ഈവർഷം ഇതുവരെ 18,150 പേർക്ക് രോഗം പിടിപെട്ടപ്പോൾ 15 മരണമുണ്ടായി. 2019 മുതലാണ് ചിക്കൻപോക്‌സ് ബാധിതരുടെ കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു തുടങ്ങിയത്. ആ വർഷം 29,583 പേർക്ക് രോഗമുണ്ടായി. 20 പേർ മരിച്ചു. പിന്നീടുള്ള വർഷങ്ങളിൽ മരണസംഖ്യ രണ്ടുമുതൽ നാലുവരെ മാത്രമായിരുന്നു. എന്നാൽ, 2022-ൽ 14 പേർ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.