മുംബൈയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 50 സെന്റീമീറ്റർ നീളമുള്ള മുടിക്കെട്ട്. സ്വന്തം തലമുടി കഴിക്കുന്ന അപൂർവ രോഗമായ റാപുൻസൽ സിൻഡ്രോം ബാധിച്ച കുട്ടിയാണിതെന്നും വായിലൂടെ മുടി പുറത്തെടുക്കാൻ കഴിയാത്തതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർമാർ വ്യക്തമാക്കി. കഠിനമായ വയറുവേദന, അസ്വസ്ഥത, ഛർദി എന്നിവ അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടി ചികിത്സതേടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുടിക്കെട്ട് കണ്ടെത്തുകയായിരുന്നു. ഇപ്പോൾ പെൺകുട്ടി സുഖമായിരിക്കുകയാണെന്നും ശാരീരികവും മാനസികവുമായ ചികിത്സ നൽകുന്നെണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.