അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്നുകൾ സൗജന്യമായി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാരുണ്യ ഫാർമസികളിൽ പ്രവർത്തനമാരംഭിക്കുന്ന കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിലകൂടിയ കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാനാണ് കാരുണ്യസ്പർശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം കാൻസർ മരുന്നുകളുടെ ചൂഷണം തടയുകയും ചെയ്യും. അത് അർഹമായ വ്യക്തികൾക്ക് ലഭ്യമാക്കുന്നതിന് പ്രിസ്‌ക്രിപ്ഷനിൽ സീൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇതൊരു സ്വപ്ന സാക്ഷാത്ക്കാരമാണ്. കാൻസർ രോഗത്തിന് മുമ്പിൽ നിസഹായരാകുന്നവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലബാർ ക്യാൻസർ സെന്ററിൽ അതിനൂതന കാർ ടി സെൽ തെറാപ്പി ആരംഭിച്ചു. കൊച്ചിൻ കാൻസർ സെന്റർ ഈ വർഷം പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി. പുറത്ത് നിന്നും വാങ്ങുമ്പോൾ 42,350 രൂപ വിലയുള്ള കാൻസർ മരുന്ന് 35,667 രൂപ വില കുറച്ച് 6,683 രൂപയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയ്ക്ക് വേണ്ടി നൽകി മന്ത്രി ആദ്യ വിൽപന നടത്തി.