രാജ്യത്താദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രം തന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും ചരിത്രനേട്ടം കൈവരിച്ച് കേരള പൊലീസ്

രാജ്യത്താദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രം തന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും ചരിത്രനേട്ടം കൈവരിച്ച് കേരള പൊലീസ്. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പൊലീസ് കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പിടികൂടിയിരുന്നു. പ്രതിയെ ചോദ്യം ചെയ്തതത്തിനൊടുവിലാണ് ഹൈദരാബാദിലെ മയക്കുമരുന്ന് നിർമ്മാണകേന്ദ്രത്തിൻ്റെയും ഉടമയുടെയും വിവരം പോലീസിന് ലഭിച്ചത്. ഫാക്ടറി ഉടമയും ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിർമാതാവും ശതകോടീശ്വരനുമായാ കക്കാട്ടുപള്ളി നരസിംഹ രാജുവിനെ അറസ്റ്റ് ചെയ്യുകയും, ലഹരിമരുന്ന് നിർമ്മാണകേന്ദ്രം പൊലീസ് കണ്ടെത്തുകയും ചെയ്തു. വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ വൻതോതിൽ മയക്കുമരുന്ന് ഉല്പാദിപ്പിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. മൂത്രാശയം, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി നിർമ്മിക്കുന്ന മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കൾ ഫാക്ടറിയിൽ ഉൽപ്പാദിപ്പിച്ചിരുന്നത്. സിനിമ മേഖലയിലും ഇയാൾ മയക്കുമരുന്ന് വിതരണം നടത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. ലഹരിമരുന്ന് വിദേശത്തേക്കും സിനിമാ മേഖലയിലും വിതരണം നടത്തിയതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ, മുൻ ഒല്ലൂർ എസിപി മുഹമ്മദ് നദീമുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.