കർണാടകയിൽ വ്യാജ നഴ്സിംഗ് പഠനം; ഉപരിപഠനം വഴിമുട്ടി നില്കുന്നത് നൂറിലധികം മലയാളി വിദ്യാർഥികൾക്ക്

കർണാടകയിൽ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളിൽ അഡ്‌മിഷനെടുത്ത് ഉപരിപഠനം വഴിമുട്ടി നില്കുന്നത് നൂറിലധികം മലയാളി വിദ്യാർഥികൾ എന്ന് റിപ്പോർട്ട്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി ഏജൻസികൾ മുഖേനയും നേരിട്ടും കർണാടകയിലെ ചില കോളേജുകളിൽ അഡ്മിഷൻ നേടിയ വിദ്യാർഥികളാണ്‌ ദുരിതത്തിലായത്‌. 2023 ഒക്‌ടോബറിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾ ഒരു സെമസ്റ്റർ പഠനം പൂർത്തിയാക്കിയപ്പോഴാണ്‌ കോളേജിന് നഴ്‌സിങ്‌ കൗൺസിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്‌ചിത മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ പല കോളേജുകളുടേയും അംഗീകാരം ഐ.എൻ.സി. പിൻവലിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ്‌ ചില ഏജൻസികൾ വിദ്യാർഥികളെ തട്ടിപ്പിനിരയാക്കിയത്‌. ഐ.എൻ.സി. അംഗീകാരമില്ലെന്നറിഞ്ഞതോടെ നിരവധി വിദ്യാർഥികൾ പഠനം നിർത്തി. നഴ്സിങ് പഠനം പാതിവഴിയിൽ നിർത്തിയവർക്ക്‌ സർട്ടിഫിക്കറ്റ് തിരികെ കിട്ടണമെങ്കിൽ, കോഴ്സിന്റെ മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് കോളേജധികൃതർ പറയുന്നത്‌. പണവും സർട്ടിഫിക്കറ്റും തിരികെ നൽകണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌ വിദ്യാർഥികൾ.