വയനാട്ടിൽ മരിച്ചവരുടെ ഡി എൻ എ പരിശോധന; പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഡിഎൻഎ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയുടെയും സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോൾ അവരുടെ സാമ്പിളുകൾ കൂടി എടുത്ത് ഡിഎൻഎ പരിശോധന നടത്തിയാൽ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാൻ കഴിയും. അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ, പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് എടുക്കുമ്പോൾ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണ് മാനദണ്ഡങ്ങൾ തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ തീവ്രതയും പ്രിയപ്പെട്ടവരെ സംബന്ധിച്ച ആശങ്കയും വലിയ രീതിയിൽ അനുഭവിക്കുന്നവരെ മാനസികമായി അതിന് സജ്ജമാക്കുകയും അവരുടെ കൂടെ നിന്നുകൊണ്ട് എന്താണ് പരിശോധന എന്നുള്ളതും എന്താണതിന്റെ പ്രാധാന്യം എന്നുള്ളതും വളരെ സൗമ്യമായി പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത് എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.